At-Tur

Change Language
Change Surah
Change Recitation

Malayalam: Muhammad Karakunnu and Vanidas Elayavoor

Play All
# Translation Ayah
1 ത്വൂര്‍ തന്നെ സാക്ഷി. وَالطُّورِ
2 എഴുതിയ വേദപുസ്തകം സാക്ഷി- وَكِتَابٍ مَّسْطُورٍ
3 വിടര്‍ത്തിവെച്ച തുകലില്‍ . فِي رَقٍّ مَّنشُورٍ
4 ജനനിബിഡമായ കഅ്ബാ മന്ദിരം സാക്ഷി. وَالْبَيْتِ الْمَعْمُورِ
5 ഉയരത്തിലുള്ള ആകാശം സാക്ഷി. وَالسَّقْفِ الْمَرْفُوعِ
6 തിരതല്ലുന്ന സമുദ്രം സാക്ഷി. وَالْبَحْرِ الْمَسْجُورِ
7 നിശ്ചയം, നിന്റെ നാഥന്റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും. إِنَّ عَذَابَ رَبِّكَ لَوَاقِعٌ
8 അതിനെ തടുക്കുന്ന ആരുമില്ല. مَا لَهُ مِن دَافِعٍ
9 ആകാശം അതിഭീകരമാംവിധം പ്രകമ്പനം കൊള്ളുന്ന ദിനമാണതുണ്ടാവുക. يَوْمَ تَمُورُ السَّمَاء مَوْرًا
10 -അന്ന് മലകള്‍ ഇളകി നീങ്ങും. وَتَسِيرُ الْجِبَالُ سَيْرًا
11 സത്യനിഷേധികള്‍ക്ക് അന്ന് കൊടും നാശം! فَوَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ
12 അനാവശ്യകാര്യങ്ങളില്‍ കളിച്ചുരസിക്കുന്നവരാണവര്‍. الَّذِينَ هُمْ فِي خَوْضٍ يَلْعَبُونَ
13 അവരെ നരകത്തിലേക്ക് പിടിച്ചു തള്ളുന്ന ദിനം. يَوْمَ يُدَعُّونَ إِلَى نَارِ جَهَنَّمَ دَعًّا
14 അന്ന് അവരോട് പറയും: "നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന നരകമാണിത്. هَذِهِ النَّارُ الَّتِي كُنتُم بِهَا تُكَذِّبُونَ
15 "അല്ല; ഇത് മായാജാലമാണോ? അതല്ല, നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ? أَفَسِحْرٌ هَذَا أَمْ أَنتُمْ لَا تُبْصِرُونَ
16 "ഇനി നിങ്ങളതില്‍ കിടന്നു വെന്തെരിയുക. നിങ്ങളിത് സഹിക്കുകയോ സഹിക്കാതിരിക്കുകയോ ചെയ്യുക. രണ്ടും നിങ്ങള്‍ക്കു സമം തന്നെ. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് അനുയോജ്യമായ പ്രതിഫലം തന്നെയാണ് നിങ്ങള്‍ക്കു നല്‍കുന്നത്.” اصْلَوْهَا فَاصْبِرُوا أَوْ لَا تَصْبِرُوا سَوَاء عَلَيْكُمْ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ
17 എന്നാല്‍ ദൈവഭക്തര്‍ സ്വര്‍ഗീയാരാമങ്ങളിലും സുഖസൌഭാഗ്യങ്ങളിലുമായിരിക്കും; إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَعِيمٍ
18 തങ്ങളുടെ നാഥന്‍ അവര്‍ക്കേകിയതില്‍ ആനന്ദം അനുഭവിക്കുന്നവരായി. കത്തിക്കാളുന്ന നരകത്തീയില്‍നിന്ന് അവരുടെ നാഥന്‍ അവരെ കാത്തുരക്ഷിക്കും. فَاكِهِينَ بِمَا آتَاهُمْ رَبُّهُمْ وَوَقَاهُمْ رَبُّهُمْ عَذَابَ الْجَحِيمِ
19 അന്ന് അവരോട് പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്യുക. كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ
20 വരിവരിയായി നിരത്തിയിട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിശാലാക്ഷികളായ തരുണികളെ നാം അവര്‍ക്ക് ഇണകളായിക്കൊടുക്കും. مُتَّكِئِينَ عَلَى سُرُرٍ مَّصْفُوفَةٍ وَزَوَّجْنَاهُم بِحُورٍ عِينٍ
21 സത്യവിശ്വാസം സ്വീകരിച്ചവരെയും സത്യവിശ്വാസ സ്വീകരണത്തില്‍ അവരെ അനുഗമിച്ച അവരുടെ സന്താനങ്ങളെയും നാം ഒരുമിച്ചു ചേര്‍ക്കും. അവരുടെ കര്‍മഫലങ്ങളില്‍ നാമൊരു കുറവും വരുത്തുകയില്ല. ഓരോ മനുഷ്യനും താന്‍ സമ്പാദിച്ചതിന് അര്‍ഹനായിരിക്കും. وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ
22 അവരാഗ്രഹിക്കുന്ന ഏതിനം പഴവും മാംസവും നാമവര്‍ക്ക് നിര്‍ലോഭം നല്കും. وَأَمْدَدْنَاهُم بِفَاكِهَةٍ وَلَحْمٍ مِّمَّا يَشْتَهُونَ
23 അവര്‍ പാനപാത്രം പരസ്പരം കൈമാറിക്കൊണ്ടിരിക്കും. അസഭ്യവാക്കോ ദുര്‍വൃത്തിയോ അവിടെ ഉണ്ടാവുകയില്ല. يَتَنَازَعُونَ فِيهَا كَأْسًا لَّا لَغْوٌ فِيهَا وَلَا تَأْثِيمٌ
24 അവരുടെ പരിചരണത്തിനായി അവരുടെ അടുത്ത് ബാലന്മാര്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. കാത്തുസൂക്ഷിക്കും മുത്തുകള്‍പോലിരിക്കും അവര്‍. وَيَطُوفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَأَنَّهُمْ لُؤْلُؤٌ مَّكْنُونٌ
25 പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരന്യോന്യം അഭിമുഖീകരിക്കും. وَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَسَاءلُونَ
26 അവര്‍ പറയും: "നിശ്ചയമായും നാം ഇതിന് മുമ്പ് നമ്മുടെ കുടുംബത്തിലായിരുന്നപ്പോള്‍ ആശങ്കാകുലരായിരുന്നു. قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ
27 "അതിനാല്‍ അല്ലാഹു നമ്മെ അനുഗ്രഹിച്ചു. ചുട്ടുപൊള്ളുന്ന നരക ശിക്ഷയില്‍നിന്ന് അവന്‍ നമ്മെ രക്ഷിച്ചു. فَمَنَّ اللَّهُ عَلَيْنَا وَوَقَانَا عَذَابَ السَّمُومِ
28 "നിശ്ചയമായും നാം മുമ്പേ അവനോട് മാത്രമാണ് പ്രാര്‍ഥിക്കാറുണ്ടായിരുന്നത്. അവന്‍ തന്നെയാണ് അത്യുദാരനും ദയാപരനും; തീര്‍ച്ച.” إِنَّا كُنَّا مِن قَبْلُ نَدْعُوهُ إِنَّهُ هُوَ الْبَرُّ الرَّحِيمُ
29 അതിനാല്‍ നീ ഉദ്ബോധനം തുടര്‍ന്നുകൊണ്ടിരിക്കുക. നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ നീ ജ്യോത്സ്യനോ ഭ്രാന്തനോ അല്ല. فَذَكِّرْ فَمَا أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ
30 “ഇയാള്‍ ഒരു കവിയാണ്. ഇയാളുടെ കാര്യത്തില്‍ കാലവിപത്ത് വരുന്നത് നമുക്കു കാത്തിരുന്നു കാണാം” എന്നാണോ അവര്‍ പറയുന്നത്? أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِ رَيْبَ الْمَنُونِ
31 എങ്കില്‍ നീ പറയുക: ശരി, നിങ്ങള്‍ കാത്തിരിക്കുക; നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ ഞാനുമുണ്ട്. قُلْ تَرَبَّصُوا فَإِنِّي مَعَكُم مِّنَ الْمُتَرَبِّصِينَ
32 ഇവരുടെ ബുദ്ധി ഇവരോട് ഇവ്വിധം പറയാന്‍ ആജ്ഞാപിക്കുകയാണോ? അതോ; ഇവര്‍ അതിക്രമികളായ ജനത തന്നെയോ? أَمْ تَأْمُرُهُمْ أَحْلَامُهُم بِهَذَا أَمْ هُمْ قَوْمٌ طَاغُونَ
33 അല്ല; ഈ ഖുര്‍ആന്‍ അദ്ദേഹം സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നാണോ ഇവരാരോപിക്കുന്നത്? എന്നാല്‍ ഇവര്‍ വിശ്വസിക്കുന്നില്ലെന്നതാണ് സത്യം. أَمْ يَقُولُونَ تَقَوَّلَهُ بَل لَّا يُؤْمِنُونَ
34 ഇവര്‍ സത്യവാന്മാരെങ്കില്‍ ഇവ്വിധമൊരു വചനം കൊണ്ടുവരട്ടെ. فَلْيَأْتُوا بِحَدِيثٍ مِّثْلِهِ إِن كَانُوا صَادِقِينَ
35 അതല്ല; സ്രഷ്ടാവില്ലാതെ സ്വയം ഉണ്ടായവരാണോ ഇവര്‍? അതോ ഇവര്‍ തന്നെയാണോ ഇവരുടെ സ്രഷ്ടാക്കള്‍! أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ
36 അല്ലെങ്കില്‍ ഇവരാണോ ആകാശ ഭൂമികളെ സൃഷ്ടിച്ചത്? എന്നാല്‍ ഇവര്‍ ദൃഢമായി വിശ്വസിക്കുന്നില്ലെന്നതാണ് സത്യം. أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ بَل لَّا يُوقِنُونَ
37 അതല്ല; നിന്റെ നാഥന്റെ ഖജനാവുകള്‍ ഇവരുടെ വശമാണോ? അല്ലെങ്കില്‍ ഇവരാണോ അതൊക്കെയും നിയന്ത്രിച്ചു നടത്തുന്നത്? أَمْ عِندَهُمْ خَزَائِنُ رَبِّكَ أَمْ هُمُ الْمُصَيْطِرُونَ
38 അതല്ല; വിവരങ്ങള്‍ കേട്ടറിയാനായി ഉപരിലോകത്തേക്ക് കയറാനിവര്‍ക്ക് വല്ല കോണിയുമുണ്ടോ? എങ്കില്‍ അവ്വിധം കേട്ടു മനസ്സിലാക്കുന്നവര്‍ അതിന് വ്യക്തമായ വല്ല തെളിവും കൊണ്ടുവരട്ടെ. أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ فَلْيَأْتِ مُسْتَمِعُهُم بِسُلْطَانٍ مُّبِينٍ
39 അല്ല; അല്ലാഹുവിന് പുത്രിമാരും നിങ്ങള്‍ക്ക് പുത്രന്മാരുമാണെന്നോ? أَمْ لَهُ الْبَنَاتُ وَلَكُمُ الْبَنُونَ
40 അതല്ല; നീ ഇവരോട് എന്തെങ്കിലും പ്രതിഫലം ആവശ്യപ്പെടുന്നുണ്ടോ? അങ്ങനെ അതിന്റെ കടഭാരത്താല്‍ പ്രയാസപ്പെടുകയാണോ ഇവര്‍? أَمْ تَسْأَلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ
41 അതല്ല; ഇവര്‍ക്ക് അഭൌതികജ്ഞാനം ലഭിക്കുകയും അങ്ങനെ ഇവരതെഴുതി വെക്കുകയും ചെയ്തിട്ടുണ്ടോ? أَمْ عِندَهُمُ الْغَيْبُ فَهُمْ يَكْتُبُونَ
42 അതല്ല; ഇവര്‍ വല്ല കുതന്ത്രവും കാണിക്കാന്‍ ഉദ്ദേശിക്കുന്നുവോ? എങ്കില്‍ സത്യനിഷേധികളാരോ, അവര്‍ തന്നെയായിരിക്കും കുതന്ത്രത്തിന്നിരയാകുന്നവര്‍. أَمْ يُرِيدُونَ كَيْدًا فَالَّذِينَ كَفَرُوا هُمُ الْمَكِيدُونَ
43 അതല്ല; ഇവര്‍ക്ക് അല്ലാഹുവല്ലാതെ മറ്റു വല്ല ദൈവവുമുണ്ടോ? ഇവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്. أَمْ لَهُمْ إِلَهٌ غَيْرُ اللَّهِ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ
44 ആകാശത്തിന്റെ ഒരടല് തന്നെ അടര്‍ന്ന് വീഴുന്നത് കണ്ടാലും അത് മേഘമലയാണെന്നായിരിക്കും ഇവര്‍ പറയുക. وَإِن يَرَوْا كِسْفًا مِّنَ السَّمَاء سَاقِطًا يَقُولُوا سَحَابٌ مَّرْكُومٌ
45 അതിനാല്‍ ഇവരെ വിട്ടേക്കുക. ബോധരഹിതരായി വീഴുന്ന ദുര്‍ദിനത്തെയിവര്‍ കണ്ടുമുട്ടും വരെ. فَذَرْهُمْ حَتَّى يُلَاقُوا يَوْمَهُمُ الَّذِي فِيهِ يُصْعَقُونَ
46 ഇവരുടെ കുതന്ത്രങ്ങളൊന്നും ഇവര്‍ക്കൊട്ടും ഉപകരിക്കാത്ത ദിനം. ഇവര്‍ക്ക് അന്ന് ഒരു സഹായവും ലഭിക്കുകയില്ല. يَوْمَ لَا يُغْنِي عَنْهُمْ كَيْدُهُمْ شَيْئًا وَلَا هُمْ يُنصَرُونَ
47 തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അതല്ലാത്ത ശിക്ഷയുമുണ്ട്; ഉറപ്പ്. എങ്കിലും ഇവരിലേറെ പേരും അതറിയുന്നില്ല. وَإِنَّ لِلَّذِينَ ظَلَمُوا عَذَابًا دُونَ ذَلِكَ وَلَكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
48 അതിനാല്‍ നിന്റെ നാഥന്റെ തീരുമാനത്തെ ക്ഷമയോടെ കാത്തിരിക്കുക. നീ നമ്മുടെ കണ്‍പാടില്‍ തന്നെയാണ്. നീ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ നിന്റെ നാഥനെ കീര്‍ത്തിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക. وَاصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ
49 ഇരവിലും അവന്റെ വിശുദ്ധിയെ വാഴ്ത്തുക; താരകങ്ങള്‍ പിന്‍വാങ്ങുമ്പോഴും. وَمِنَ اللَّيْلِ فَسَبِّحْهُ وَإِدْبَارَ النُّجُومِ
;