Israel

Change Language
Change Surah
Change Recitation

Malayalam: Cheriyamundam Abdul Hameed and Kunhi Mohammed Parappoor

Play All
# Translation Ayah
1 തന്‍റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് - അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ. سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلاً مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ البَصِيرُ
2 മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയും, അതിനെ നാം ഇസ്രായീല്‍ സന്തതികള്‍ക്ക് മാര്‍ഗദര്‍ശകമാക്കുകയും ചെയ്തു. എനിക്കു പുറമെ യാതൊരു കൈകാര്യകര്‍ത്താവിനെയും നിങ്ങള്‍ സ്വീകരിക്കരുത് എന്ന് (അനുശാസിക്കുന്ന വേദഗ്രന്ഥം). وَآتَيْنَا مُوسَى الْكِتَابَ وَجَعَلْنَاهُ هُدًى لِّبَنِي إِسْرَائِيلَ أَلاَّ تَتَّخِذُواْ مِن دُونِي وَكِيلاً
3 നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെ സന്തതികളേ, തീര്‍ച്ചയായും അദ്ദേഹം (നൂഹ്‌) വളരെ നന്ദിയുള്ള ഒരു ദാസനായിരുന്നു. ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ إِنَّهُ كَانَ عَبْدًا شَكُورًا
4 ഇസ്രായീല്‍ സന്തതികള്‍ക്ക് ഇപ്രകാരം നാം വേദഗ്രന്ഥത്തില്‍ വിധി നല്‍കിയിരിക്കുന്നു: തീര്‍ച്ചയായും നിങ്ങള്‍ ഭൂമിയില്‍ രണ്ട് പ്രാവശ്യം കുഴപ്പമുണ്ടാക്കുകയും വലിയ ഔന്നത്യം നടിക്കുകയും ചെയ്യുന്നതാണ്‌. وَقَضَيْنَا إِلَى بَنِي إِسْرَائِيلَ فِي الْكِتَابِ لَتُفْسِدُنَّ فِي الأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا
5 അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ഒന്നാമത്തേതിന്ന് നിശ്ചയിച്ച (ശിക്ഷയുടെ) സമയമായാല്‍ ഉഗ്രപരാക്രമശാലികളായ നമ്മുടെ ചില ദാസന്‍മാരെ നിങ്ങളുടെ നേരെ നാം അയക്കുന്നതാണ്‌. അങ്ങനെ അവര്‍ വീടുകള്‍ക്കിടയില്‍ (നിങ്ങളെ) തെരഞ്ഞു നടക്കും. അത് പ്രാവര്‍ത്തികമാക്കപ്പെട്ട ഒരു വാഗ്ദാനം തന്നെയാകുന്നു. فَإِذَا جَاء وَعْدُ أُولاهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَا أُوْلِي بَأْسٍ شَدِيدٍ فَجَاسُواْ خِلاَلَ الدِّيَارِ وَكَانَ وَعْدًا مَّفْعُولاً
6 പിന്നെ നാം അവര്‍ക്കെതിരില്‍ നിങ്ങള്‍ക്ക് വിജയം തിരിച്ചുതന്നു. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ നാം പോഷിപ്പിക്കുകയും നിങ്ങളെ നാം കൂടുതല്‍ സംഘബലമുള്ളവരാക്കിത്തീര്‍ക്കുകയും ചെയ്തു. ثُمَّ رَدَدْنَا لَكُمُ الْكَرَّةَ عَلَيْهِمْ وَأَمْدَدْنَاكُم بِأَمْوَالٍ وَبَنِينَ وَجَعَلْنَاكُمْ أَكْثَرَ نَفِيرًا
7 നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം നിങ്ങളുടെ ഗുണത്തിനായി തന്നെയാണ് നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്നത്‌. നിങ്ങള്‍ തിന്‍മ പ്രവര്‍ത്തിക്കുകയാണെങ്കില്‍ (അതിന്‍റെ ദോഷവും) നിങ്ങള്‍ക്കു തന്നെ. എന്നാല്‍ (ആ രണ്ട് സന്ദര്‍ഭങ്ങളില്‍) അവസാനത്തേതിന് നിശ്ചയിച്ച (ശിക്ഷയുടെ) സമയം വന്നാല്‍ നിങ്ങളുടെ മുഖങ്ങളെ അപമാനത്തിലാഴ്ത്തുവാനും, ആദ്യതവണ ആരാധനാലയത്തില്‍ പ്രവേശിച്ചത് പോലെ വീണ്ടും പ്രവേശിക്കുവാനും കീഴടക്കിയതെല്ലാം തകര്‍ത്ത് കളയുവാനും (നാം ശത്രുക്കളെ നിയോഗിക്കുന്നതാണ്‌.) إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ وَإِنْ أَسَأْتُمْ فَلَهَا فَإِذَا جَاء وَعْدُ الآخِرَةِ لِيَسُوؤُواْ وُجُوهَكُمْ وَلِيَدْخُلُواْ الْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُواْ مَا عَلَوْاْ تَتْبِيرًا
8 നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് കരുണ കാണിക്കുന്നവനായേക്കാം. നിങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം നമ്മളും ആവര്‍ത്തിക്കുന്നതാണ്‌. നരകത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു തടവറ ആക്കിയിരിക്കുന്നു. عَسَى رَبُّكُمْ أَن يَرْحَمَكُمْ وَإِنْ عُدتُّمْ عُدْنَا وَجَعَلْنَا جَهَنَّمَ لِلْكَافِرِينَ حَصِيرًا
9 തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. إِنَّ هَـذَا الْقُرْآنَ يِهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا
10 പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാര്‍ത്ത അറിയിക്കുന്നു.) وأَنَّ الَّذِينَ لاَ يُؤْمِنُونَ بِالآخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا
11 മനുഷ്യന്‍ ഗുണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ ദോഷത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു. وَيَدْعُ الإِنسَانُ بِالشَّرِّ دُعَاءهُ بِالْخَيْرِ وَكَانَ الإِنسَانُ عَجُولاً
12 രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടുന്നതിന് വേണ്ടിയും, കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു. وَجَعَلْنَا اللَّيْلَ وَالنَّهَارَ آيَتَيْنِ فَمَحَوْنَا آيَةَ اللَّيْلِ وَجَعَلْنَا آيَةَ النَّهَارِ مُبْصِرَةً لِتَبْتَغُواْ فَضْلاً مِّن رَّبِّكُمْ وَلِتَعْلَمُواْ عَدَدَ السِّنِينَ وَالْحِسَابَ وَكُلَّ شَيْءٍ فَصَّلْنَاهُ تَفْصِيلاً
13 ഓരോ മനുഷ്യന്നും അവന്‍റെ ശകുനം അവന്‍റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി പുറത്തെടുക്കുന്നതാണ്‌. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണ്ടെത്തും. وَكُلَّ إِنسَانٍ أَلْزَمْنَاهُ طَآئِرَهُ فِي عُنُقِهِ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا
14 നീ നിന്‍റെ ഗ്രന്ഥം വായിച്ചുനോക്കുക. നിന്നെ സ്സംബന്ധിച്ചിടത്തോളം കണക്ക് നോക്കാന്‍ ഇന്ന് നീ തന്നെ മതി. (എന്ന് അവനോട് അന്ന് പറയപ്പെടും) اقْرَأْ كَتَابَكَ كَفَى بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا
15 വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്‍റെ സ്വന്തം ഗുണത്തിനായി തന്നെയാണ് അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച് പോകുന്ന പക്ഷം തനിക്ക് ദോഷത്തിനായി തന്നെയാണ് അവന്‍ വഴിപിഴച്ചു പോകുന്നത്‌. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല. مَّنِ اهْتَدَى فَإِنَّمَا يَهْتَدي لِنَفْسِهِ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَى وَمَا كُنَّا مُعَذِّبِينَ حَتَّى نَبْعَثَ رَسُولاً
16 ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്‍മാര്‍ക്ക് നാം ആജ്ഞകള്‍ നല്‍കും. എന്നാല്‍ (അത് വകവെക്കാതെ) അവര്‍ അവിടെ താന്തോന്നിത്തം നടത്തും. (ശിക്ഷയെപ്പറ്റിയുള്ള) വാക്ക് അങ്ങനെ അതിന്‍റെ (രാജ്യത്തിന്‍റെ) കാര്യത്തില്‍ സ്ഥിരപ്പെടുകയും, നാം അതിനെ നിശ്ശേഷം തകര്‍ക്കുകയും ചെയ്യുന്നതാണ്‌. وَإِذَا أَرَدْنَا أَن نُّهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُواْ فِيهَا فَحَقَّ عَلَيْهَا الْقَوْلُ فَدَمَّرْنَاهَا تَدْمِيرًا
17 നൂഹിന്‍റെ ശേഷം എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌! തന്‍റെ ദാസന്‍മാരുടെ പാപങ്ങളെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിന്‍റെ രക്ഷിതാവ് തന്നെ മതി. وَكَمْ أَهْلَكْنَا مِنَ الْقُرُونِ مِن بَعْدِ نُوحٍ وَكَفَى بِرَبِّكَ بِذُنُوبِ عِبَادِهِ خَبِيرًَا بَصِيرًا
18 ക്ഷണികമായതിനെ (ഇഹലോകത്തെ) യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് അഥവാ (അവരില്‍ നിന്ന്‌) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തില്‍ നല്‍കുന്നതാണ്‌. പിന്നെ നാം അങ്ങനെയുള്ളവന്ന് നല്‍കുന്നത് നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട് അവന്‍ അതില്‍ കടന്നെരിയുന്നതാണ്‌. مَّن كَانَ يُرِيدُ الْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَاء لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُ جَهَنَّمَ يَصْلاهَا مَذْمُومًا مَّدْحُورًا
19 ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. وَمَنْ أَرَادَ الآخِرَةَ وَسَعَى لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَئِكَ كَانَ سَعْيُهُم مَّشْكُورًا
20 ഇക്കൂട്ടരെയും അക്കൂട്ടരെയും എല്ലാം തന്നെ (ഇവിടെ വെച്ച്‌) നാം സഹായിക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവിന്‍റെ ദാനത്തില്‍ പെട്ടതത്രെ അത്‌. നിന്‍റെ രക്ഷിതാവിന്‍റെ ദാനം തടഞ്ഞ് വെക്കപ്പെടുന്നതല്ല. كُلاًّ نُّمِدُّ هَـؤُلاء وَهَـؤُلاء مِنْ عَطَاء رَبِّكَ وَمَا كَانَ عَطَاء رَبِّكَ مَحْظُورًا
21 നാം അവരില്‍ ചിലരെ മറ്റുചിലരെക്കാള്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. പരലോകജീവിതം ഏറ്റവും വലിയ പദവിയുള്ളതും, ഏറ്റവും വലിയ ഉല്‍കൃഷ്ടതയുള്ളതും തന്നെയാകുന്നു. انظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَى بَعْضٍ وَلَلآخِرَةُ أَكْبَرُ دَرَجَاتٍ وَأَكْبَرُ تَفْضِيلاً
22 അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്‌. എങ്കില്‍ അപമാനിതനും കയ്യൊഴിക്കപ്പെട്ടവനുമായി നീ ഇരിക്കേണ്ടി വരും. لاَّ تَجْعَل مَعَ اللّهِ إِلَـهًا آخَرَ فَتَقْعُدَ مَذْمُومًا مَّخْذُولاً
23 തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട് നീ മാന്യമായ വാക്ക് പറയുക. وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَا أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيمًا
24 കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക. وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
25 നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മനസ്സുകളിലുള്ളത് നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങള്‍ നല്ലവരായിരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഖേദിച്ചുമടങ്ങുന്നവര്‍ക്ക് ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു. رَّبُّكُمْ أَعْلَمُ بِمَا فِي نُفُوسِكُمْ إِن تَكُونُواْ صَالِحِينَ فَإِنَّهُ كَانَ لِلأَوَّابِينَ غَفُورًا
26 കുടുംബബന്ധമുള്ളവന്ന് അവന്‍റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും) . നീ (ധനം) ദുര്‍വ്യയം ചെയ്ത് കളയരുത്‌. وَآتِ ذَا الْقُرْبَى حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلاَ تُبَذِّرْ تَبْذِيرًا
27 തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്‍റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു. إِنَّ الْمُبَذِّرِينَ كَانُواْ إِخْوَانَ الشَّيَاطِينِ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا
28 നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നീ ആഗ്രഹിക്കുന്ന അനുഗ്രഹം തേടിക്കൊണ്ട് നിനക്കവരില്‍ നിന്ന് തിരിഞ്ഞുകളയേണ്ടി വരുന്ന പക്ഷം, നീ അവരോട് സൌമ്യമായ വാക്ക് പറഞ്ഞ് കൊള്ളുക وَإِمَّا تُعْرِضَنَّ عَنْهُمُ ابْتِغَاء رَحْمَةٍ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلاً مَّيْسُورًا
29 നിന്‍റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്‌. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും. وَلاَ تَجْعَلْ يَدَكَ مَغْلُولَةً إِلَى عُنُقِكَ وَلاَ تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا
30 തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനമാര്‍ഗം വിശാലമാക്കികൊടുക്കുന്നു. (ചിലര്‍ക്കത്‌) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു. إِنَّ رَبَّكَ يَبْسُطُ الرِّزْقَ لِمَن يَشَاء وَيَقْدِرُ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا
31 ദാരിദ്യ്‌രഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്‌. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു. وَلاَ تَقْتُلُواْ أَوْلادَكُمْ خَشْيَةَ إِمْلاقٍ نَّحْنُ نَرْزُقُهُمْ وَإِيَّاكُم إنَّ قَتْلَهُمْ كَانَ خِطْءًا كَبِيرًا
32 നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്‌. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു. وَلاَ تَقْرَبُواْ الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاء سَبِيلاً
33 അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്‌. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവന്‍റെ അവകാശിക്ക് നാം (പ്രതികാരം ചെയ്യാന്‍) അധികാരം വെച്ച് കൊടുത്തിട്ടുണ്ട്‌. എന്നാല്‍ അവന്‍ കൊലയില്‍ അതിരുകവിയരുത്‌. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു. وَلاَ تَقْتُلُواْ النَّفْسَ الَّتِي حَرَّمَ اللّهُ إِلاَّ بِالحَقِّ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلاَ يُسْرِف فِّي الْقَتْلِ إِنَّهُ كَانَ مَنْصُورًا
34 അനാഥയ്ക്ക് പ്രാപ്തി എത്തുന്നത് വരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവന്‍റെ സ്വത്തിനെ നിങ്ങള്‍ സമീപിക്കരുത്‌. നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്‌. وَلاَ تَقْرَبُواْ مَالَ الْيَتِيمِ إِلاَّ بِالَّتِي هِيَ أَحْسَنُ حَتَّى يَبْلُغَ أَشُدَّهُ وَأَوْفُواْ بِالْعَهْدِ إِنَّ الْعَهْدَ كَانَ مَسْؤُولاً
35 നിങ്ങള്‍ അളന്നുകൊടുക്കുകയാണെങ്കില്‍ അളവ് നിങ്ങള്‍ തികച്ചുകൊടുക്കുക. ശരിയായ തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കികൊടുക്കുകയും ചെയ്യുക. അതാണ് ഉത്തമവും അന്ത്യഫലത്തില്‍ ഏറ്റവും മെച്ചമായിട്ടുള്ളതും. وَأَوْفُوا الْكَيْلَ إِذا كِلْتُمْ وَزِنُواْ بِالقِسْطَاسِ الْمُسْتَقِيمِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً
36 നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌. وَلاَ تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولـئِكَ كَانَ عَنْهُ مَسْؤُولاً
37 നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്‌. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച. وَلاَ تَمْشِ فِي الأَرْضِ مَرَحًا إِنَّكَ لَن تَخْرِقَ الأَرْضَ وَلَن تَبْلُغَ الْجِبَالَ طُولاً
38 അവയില്‍ (മേല്‍പറഞ്ഞ കാര്യങ്ങളില്‍) നിന്നെല്ലാം ദുഷിച്ചത് നിന്‍റെ രക്ഷിതാവിങ്കല്‍ വെറുക്കപ്പെട്ടതാകുന്നു. كُلُّ ذَلِكَ كَانَ سَيٍّئُهُ عِنْدَ رَبِّكَ مَكْرُوهًا
39 നിന്‍റെ രക്ഷിതാവ് നിനക്ക് ബോധനം നല്‍കിയ ജ്ഞാനത്തില്‍ പെട്ടതത്രെ അത്‌. അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്‌. എങ്കില്‍ ആക്ഷേപിക്കപ്പെട്ടവനും പുറം തള്ളപ്പെട്ടവനുമായി നീ നരകത്തില്‍ എറിയപ്പെടുന്നതാണ്‌. ذَلِكَ مِمَّا أَوْحَى إِلَيْكَ رَبُّكَ مِنَ الْحِكْمَةِ وَلاَ تَجْعَلْ مَعَ اللّهِ إِلَهًا آخَرَ فَتُلْقَى فِي جَهَنَّمَ مَلُومًا مَّدْحُورًا
40 എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് ആണ്‍മക്കളെ നിങ്ങള്‍ക്കു പ്രത്യേകമായി നല്‍കുകയും, അവന്‍ മലക്കുകളില്‍ നിന്ന് പെണ്‍മക്കളെ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു വാക്ക് തന്നെയാകുന്നു നിങ്ങള്‍ പറയുന്നത്‌. أَفَأَصْفَاكُمْ رَبُّكُم بِالْبَنِينَ وَاتَّخَذَ مِنَ الْمَلآئِكَةِ إِنَاثًا إِنَّكُمْ لَتَقُولُونَ قَوْلاً عَظِيمًا
41 അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി ഈ ഖുര്‍ആനില്‍ നാം (കാര്യങ്ങള്‍) വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്‌. എന്നാല്‍ അവര്‍ക്ക് അത് അകല്‍ച്ച വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്‌. وَلَقَدْ صَرَّفْنَا فِي هَـذَا الْقُرْآنِ لِيَذَّكَّرُواْ وَمَا يَزِيدُهُمْ إِلاَّ نُفُورًا
42 (നബിയേ,) പറയുക: അവര്‍ പറയും പോലെ അവനോടൊപ്പം മറ്റുദൈവങ്ങളുണ്ടായിരുന്നെങ്കില്‍ സിംഹാസനാധിപന്‍റെ അടുക്കലേക്ക് അവര്‍ (ആ ദൈവങ്ങള്‍) വല്ല മാര്‍ഗവും തേടുക തന്നെ ചെയ്യുമായിരുന്നു. قُل لَّوْ كَانَ مَعَهُ آلِهَةٌ كَمَا يَقُولُونَ إِذًا لاَّبْتَغَوْاْ إِلَى ذِي الْعَرْشِ سَبِيلاً
43 അവന്‍ എത്ര പരിശുദ്ധന്‍! അവര്‍ പറഞ്ഞുണ്ടാക്കിയതിനെല്ലാം ഉപരിയായി അവന്‍ വലിയ ഔന്നത്യം പ്രാപിച്ചിരിക്കുന്നു. سُبْحَانَهُ وَتَعَالَى عَمَّا يَقُولُونَ عُلُوًّا كَبِيرًا
44 ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു. تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالأَرْضُ وَمَن فِيهِنَّ وَإِن مِّن شَيْءٍ إِلاَّ يُسَبِّحُ بِحَمْدَهِ وَلَـكِن لاَّ تَفْقَهُونَ تَسْبِيحَهُمْ إِنَّهُ كَانَ حَلِيمًا غَفُورًا
45 നീ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്‍റെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ ദൃശ്യമല്ലാത്ത ഒരു മറ നാം വെക്കുന്നതാണ്‌. وَإِذَا قَرَأْتَ الْقُرآنَ جَعَلْنَا بَيْنَكَ وَبَيْنَ الَّذِينَ لاَ يُؤْمِنُونَ بِالآخِرَةِ حِجَابًا مَّسْتُورًا
46 അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ വെക്കുന്നതും, അവരുടെ കാതുകളില്‍ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്‌. ഖുര്‍ആന്‍ പാരായണത്തില്‍ നിന്‍റെ രക്ഷിതാവിനെപ്പറ്റി മാത്രം പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് പുറം തിരിഞ്ഞ് പോകുന്നതാണ്‌. وَجَعَلْنَا عَلَى قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا وَإِذَا ذَكَرْتَ رَبَّكَ فِي الْقُرْآنِ وَحْدَهُ وَلَّوْاْ عَلَى أَدْبَارِهِمْ نُفُورًا
47 നീ പറയുന്നത് അവര്‍ ശ്രദ്ധിച്ച് കേള്‍ക്കുന്ന സമയത്ത് എന്തൊരു കാര്യമാണ് അവര്‍ ശ്രദ്ധിച്ച് കേട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നല്ലവണ്ണം അറിയാം. അവര്‍ സ്വകാര്യം പറയുന്ന സന്ദര്‍ഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത് എന്ന് (നിന്നെ പരിഹസിച്ചുകൊണ്ട്‌) അക്രമികള്‍ പറയുന്ന സന്ദര്‍ഭവും (നമുക്ക് നല്ലവണ്ണം അറിയാം.) نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَى إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلاَّ رَجُلاً مَّسْحُورًا
48 (നബിയേ,) നോക്കൂ; എങ്ങനെയാണ് അവര്‍ നിനക്ക് ഉപമകള്‍ പറഞ്ഞുണ്ടാക്കിയതെന്ന്‌. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ അവര്‍ക്ക് ഒരു മാര്‍ഗവും പ്രാപിക്കാന്‍ സാധിക്കുകയില്ല. انظُرْ كَيْفَ ضَرَبُواْ لَكَ الأَمْثَالَ فَضَلُّواْ فَلاَ يَسْتَطِيعْونَ سَبِيلاً
49 അവര്‍ പറഞ്ഞു: നാം എല്ലുകളും ജീര്‍ണാവശിഷ്ടങ്ങളുമായിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും നാം പുതിയൊരു സൃഷ്ടിയായി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നതാണോ ? وَقَالُواْ أَئِذَا كُنَّا عِظَامًا وَرُفَاتًا أَإِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا
50 (നബിയേ,) നീ പറയുക: നിങ്ങള്‍ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക. قُل كُونُواْ حِجَارَةً أَوْ حَدِيدًا
51 അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ വലുതായി തോന്നുന്ന ഏതെങ്കിലുമൊരു സൃഷ്ടിയായിക്കൊള്ളുക (എന്നാലും നിങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടും) അപ്പോള്‍, ആരാണ് ഞങ്ങളെ (ജീവിതത്തിലേക്ക്‌) തിരിച്ച് കൊണ്ട് വരിക? എന്ന് അവര്‍ പറഞ്ഞേക്കും. നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചവന്‍ തന്നെ എന്ന് നീ പറയുക. അപ്പോള്‍ നിന്‍റെ നേരെ (നോക്കിയിട്ട്‌) അവര്‍ തലയാട്ടിക്കൊണ്ട് പറയും: എപ്പോഴായിരിക്കും അത് ? നീ പറയുക അത് അടുത്ത് തന്നെ ആയേക്കാം. أَوْ خَلْقًا مِّمَّا يَكْبُرُ فِي صُدُورِكُمْ فَسَيَقُولُونَ مَن يُعِيدُنَا قُلِ الَّذِي فَطَرَكُمْ أَوَّلَ مَرَّةٍ فَسَيُنْغِضُونَ إِلَيْكَ رُؤُوسَهُمْ وَيَقُولُونَ مَتَى هُوَ قُلْ عَسَى أَن يَكُونَ قَرِيبًا
52 അതെ, അവന്‍ നിങ്ങളെ വിളിക്കുകയും, അവനെ സ്തുതിച്ച് കൊണ്ട് നിങ്ങള്‍ ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം. (അതിന്നിടക്ക്‌) വളരെ കുറച്ച് മാത്രമേ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന് നിങ്ങള്‍ വിചാരിക്കുകയും ചെയ്യും. يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِ وَتَظُنُّونَ إِن لَّبِثْتُمْ إِلاَّ قَلِيلاً
53 നീ എന്‍റെ ദാസന്‍മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്‌. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു. وَقُل لِّعِبَادِي يَقُولُواْ الَّتِي هِيَ أَحْسَنُ إِنَّ الشَّيْطَانَ يَنزَغُ بَيْنَهُمْ إِنَّ الشَّيْطَانَ كَانَ لِلإِنْسَانِ عَدُوًّا مُّبِينًا
54 നിങ്ങളുടെ രക്ഷിതാവ് നിങ്ങളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ നിങ്ങളോട് കരുണ കാണിക്കും.അല്ലെങ്കില്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ നിങ്ങളെ ശിക്ഷിക്കും. അവരുടെ മേല്‍ മേല്‍നോട്ടക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല. رَّبُّكُمْ أَعْلَمُ بِكُمْ إِن يَشَأْ يَرْحَمْكُمْ أَوْ إِن يَشَأْ يُعَذِّبْكُمْ وَمَا أَرْسَلْنَاكَ عَلَيْهِمْ وَكِيلاً
55 നിന്‍റെ രക്ഷിതാവ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. തീര്‍ച്ചയായും പ്രവാചകന്‍മാരില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്‌. ദാവൂദിന് നാം സബൂര്‍ എന്ന വേദം നല്‍കുകയും ചെയ്തിരിക്കുന്നു. وَرَبُّكَ أَعْلَمُ بِمَن فِي السَّمَاوَاتِ وَالأَرْضِ وَلَقَدْ فَضَّلْنَا بَعْضَ النَّبِيِّينَ عَلَى بَعْضٍ وَآتَيْنَا دَاوُودَ زَبُورًا
56 (നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല. قُلِ ادْعُواْ الَّذِينَ زَعَمْتُم مِّن دُونِهِ فَلاَ يَمْلِكُونَ كَشْفَ الضُّرِّ عَنكُمْ وَلاَ تَحْوِيلاً
57 അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു. أُولَـئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا
58 ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തിന് മുമ്പായി നാം നശിപ്പിച്ച് കളയുന്നതോ അല്ലെങ്കില്‍ നാം കഠിനമായി ശിക്ഷിക്കുന്നതോ ആയിട്ടല്ലാതെ ഒരു രാജ്യവുമില്ല. അത് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു. وَإِن مَّن قَرْيَةٍ إِلاَّ نَحْنُ مُهْلِكُوهَا قَبْلَ يَوْمِ الْقِيَامَةِ أَوْ مُعَذِّبُوهَا عَذَابًا شَدِيدًا كَانَ ذَلِك فِي الْكِتَابِ مَسْطُورًا
59 നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതിന് നമുക്ക് തടസ്സമായത് പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളിക്കളഞ്ഞു എന്നത് മാത്രമാണ്‌. നാം ഥമൂദ് സമുദായത്തിന് പ്രത്യക്ഷ ദൃഷ്ടാന്തമായിക്കൊണ്ട് ഒട്ടകത്തെ നല്‍കുകയുണ്ടായി. എന്നിട്ട് അവര്‍ അതിന്‍റെ കാര്യത്തില്‍ അക്രമം പ്രവര്‍ത്തിച്ചു. ഭയപ്പെടുത്താന്‍ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്‌. وَمَا مَنَعَنَا أَن نُّرْسِلَ بِالآيَاتِ إِلاَّ أَن كَذَّبَ بِهَا الأَوَّلُونَ وَآتَيْنَا ثَمُودَ النَّاقَةَ مُبْصِرَةً فَظَلَمُواْ بِهَا وَمَا نُرْسِلُ بِالآيَاتِ إِلاَّ تَخْوِيفًا
60 തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് മനുഷ്യരെ വലയം ചെയ്തിരിക്കുന്നു. എന്ന് നാം നിന്നോട് പറഞ്ഞ സന്ദര്‍ഭവും ശ്രദ്ധേയമാണ്‌. നിനക്ക് നാം കാണിച്ചുതന്ന ആ ദര്‍ശനത്തെ നാം ജനങ്ങള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുകയാണ്‌. ഖുര്‍ആനിലെ ശപിക്കപ്പെട്ട വൃക്ഷത്തേയും (ഒരു പരീക്ഷണമാക്കിയിരിക്കുന്നു.) നാം അവരെ ഭയപ്പെടുത്തുന്നു. എന്നാല്‍ വലിയ ധിക്കാരം മാത്രമാണ് അത് അവര്‍ക്ക് വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുന്നത്‌. وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِالنَّاسِ وَمَا جَعَلْنَا الرُّؤيَا الَّتِي أَرَيْنَاكَ إِلاَّ فِتْنَةً لِّلنَّاسِ وَالشَّجَرَةَ الْمَلْعُونَةَ فِي القُرْآنِ وَنُخَوِّفُهُمْ فَمَا يَزِيدُهُمْ إِلاَّ طُغْيَانًا كَبِيرًا
61 നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ.അവന്‍ പറഞ്ഞു: നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന് ഞാന്‍ പ്രണാമം ചെയ്യുകയോ? وَإِذْ قُلْنَا لِلْمَلآئِكَةِ اسْجُدُواْ لآدَمَ فَسَجَدُواْ إَلاَّ إِبْلِيسَ قَالَ أَأَسْجُدُ لِمَنْ خَلَقْتَ طِينًا
62 അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും. قَالَ أَرَأَيْتَكَ هَـذَا الَّذِي كَرَّمْتَ عَلَيَّ لَئِنْ أَخَّرْتَنِ إِلَى يَوْمِ الْقِيَامَةِ لأَحْتَنِكَنَّ ذُرِّيَّتَهُ إَلاَّ قَلِيلاً
63 അവന്‍ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ. قَالَ اذْهَبْ فَمَن تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَآؤُكُمْ جَزَاء مَّوْفُورًا
64 അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്‍റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. അവര്‍ക്കെതിരില്‍ നിന്‍റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത് കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു. وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِي الأَمْوَالِ وَالأَوْلادِ وَعِدْهُمْ وَمَا يَعِدُهُمُ الشَّيْطَانُ إِلاَّ غُرُورًا
65 തീര്‍ച്ചയായും എന്‍റെ ദാസന്‍മാരാരോ അവരുടെ മേല്‍ നിനക്ക് യാതൊരു അധികാരവുമില്ല. കൈകാര്യകര്‍ത്താവായി നിന്‍റെ രക്ഷിതാവ് തന്നെ മതി. إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ وَكَفَى بِرَبِّكَ وَكِيلاً
66 നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി കടലിലൂടെ കപ്പല്‍ ഓടിക്കുന്നവനാകുന്നു.അവന്‍റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ തേടിക്കൊണ്ട് വരുന്നതിന് വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ നിങ്ങളോട് ഏറെ കരുണയുള്ളവനാകുന്നു. رَّبُّكُمُ الَّذِي يُزْجِي لَكُمُ الْفُلْكَ فِي الْبَحْرِ لِتَبْتَغُواْ مِن فَضْلِهِ إِنَّهُ كَانَ بِكُمْ رَحِيمًا
67 കടലില്‍ വെച്ച് നിങ്ങള്‍ക്ക് കഷ്ടത (അപായം) നേരിട്ടാല്‍ അവന്‍ ഒഴികെ, നിങ്ങള്‍ ആരെയെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നുവോ അവര്‍ അപ്രത്യക്ഷരാകും. എന്നാല്‍ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുകളയുകയായി. മനുഷ്യന്‍ ഏറെ നന്ദികെട്ടവനായിരിക്കുന്നു. وَإِذَا مَسَّكُمُ الْضُّرُّ فِي الْبَحْرِ ضَلَّ مَن تَدْعُونَ إِلاَّ إِيَّاهُ فَلَمَّا نَجَّاكُمْ إِلَى الْبَرِّ أَعْرَضْتُمْ وَكَانَ الإِنْسَانُ كَفُورًا
68 കരയുടെ ഭാഗത്ത് തന്നെ അവന്‍ നിങ്ങളെ ആഴ്ത്തിക്കളയുകയോ, അല്ലെങ്കില്‍ അവന്‍ നിങ്ങളുടെ നേരെ ഒരു ചരല്‍ മഴ അയക്കുകയോ ചെയ്യുകയും, നിങ്ങളുടെ സംരക്ഷണം ഏല്‍ക്കാന്‍ യാതൊരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? أَفَأَمِنتُمْ أَن يَخْسِفَ بِكُمْ جَانِبَ الْبَرِّ أَوْ يُرْسِلَ عَلَيْكُمْ حَاصِبًا ثُمَّ لاَ تَجِدُواْ لَكُمْ وَكِيلاً
69 അതല്ലെങ്കില്‍ മറ്റൊരു പ്രാവശ്യം അവന്‍ നിങ്ങളെ അവിടേക്ക് (കടലിലേക്ക്‌) തിരിച്ച് കൊണ്ട് പോകുകയും, എന്നിട്ട് നിങ്ങളുടെ നേര്‍ക്ക് അവന്‍ ഒരു തകര്‍പ്പന്‍ കാറ്റയച്ചിട്ട് നിങ്ങള്‍ നന്ദികേട് കാണിച്ചതിന് നിങ്ങളെ അവന്‍ മുക്കിക്കളയുകയും, അനന്തരം ആ കാര്യത്തില്‍ നിങ്ങള്‍ക്ക് വേണ്ടി നമുക്കെതിരില്‍ നടപടി എടുക്കാന്‍ യാതൊരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? أَمْ أَمِنتُمْ أَن يُعِيدَكُمْ فِيهِ تَارَةً أُخْرَى فَيُرْسِلَ عَلَيْكُمْ قَاصِفا مِّنَ الرِّيحِ فَيُغْرِقَكُم بِمَا كَفَرْتُمْ ثُمَّ لاَ تَجِدُواْ لَكُمْ عَلَيْنَا بِهِ تَبِيعًا
70 തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു. وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلاً
71 എല്ലാ മനുഷ്യരെയും അവരുടെ നേതാവിനോടൊപ്പം നാം വിളിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ ആര്‍ക്ക് തന്‍റെ (കര്‍മ്മങ്ങളുടെ) രേഖ തന്‍റെ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ അത്തരക്കാര്‍ അവരുടെ ഗ്രന്ഥം വായിച്ചുനോക്കുന്നതാണ്‌. അവരോട് ഒരു തരിമ്പും അനീതി ചെയ്യപ്പെടുന്നതുമല്ല. يَوْمَ نَدْعُو كُلَّ أُنَاسٍ بِإِمَامِهِمْ فَمَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَأُوْلَـئِكَ يَقْرَؤُونَ كِتَابَهُمْ وَلاَ يُظْلَمُونَ فَتِيلاً
72 വല്ലവനും ഈ ലോകത്ത് അന്ധനായിരുന്നാല്‍ പരലോകത്തും അവന്‍ അന്ധനായിരിക്കും. ഏറ്റവും വഴിപിഴച്ചവനുമായിരിക്കും. وَمَن كَانَ فِي هَـذِهِ أَعْمَى فَهُوَ فِي الآخِرَةِ أَعْمَى وَأَضَلُّ سَبِيلاً
73 തീര്‍ച്ചയായും നാം നിനക്ക് ബോധനം നല്‍കിയിട്ടുള്ളതില്‍ നിന്ന് അവര്‍ നിന്നെ തെറ്റിച്ചുകളയാന്‍ ഒരുങ്ങിയിരിക്കുന്നു. നീ നമ്മുടെ മേല്‍ അതല്ലാത്ത വല്ലതും കെട്ടിച്ചമയ്ക്കുവാനാണ് (അവര്‍ ആഗ്രഹിക്കുന്നത്‌). അപ്പോള്‍ അവര്‍ നിന്നെ മിത്രമായി സ്വീകരിക്കുക തന്നെ ചെയ്യും. وَإِن كَادُواْ لَيَفْتِنُونَكَ عَنِ الَّذِي أَوْحَيْنَا إِلَيْكَ لِتفْتَرِيَ عَلَيْنَا غَيْرَهُ وَإِذًا لاَّتَّخَذُوكَ خَلِيلاً
74 നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീ അവരിലേക്ക് അല്‍പമൊക്കെ ചാഞ്ഞുപോയേക്കുമായിരുന്നു. وَلَوْلاَ أَن ثَبَّتْنَاكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْئًا قَلِيلاً
75 എങ്കില്‍ ജീവിതത്തിലും ഇരട്ടി ശിക്ഷ, മരണത്തിലും ഇരട്ടി ശിക്ഷ അതായിരിക്കും നാം നിനക്ക് ആസ്വദിപ്പിക്കുന്നത്‌. പിന്നീട് നമുക്കെതിരില്‍ നിനക്ക് സഹായം നല്‍കാന്‍ യാതൊരാളെയും നീ കണ്ടെത്തുകയില്ല. إِذاً لَّأَذَقْنَاكَ ضِعْفَ الْحَيَاةِ وَضِعْفَ الْمَمَاتِ ثُمَّ لاَ تَجِدُ لَكَ عَلَيْنَا نَصِيرًا
76 തീര്‍ച്ചയായും അവര്‍ നിന്നെ നാട്ടില്‍ നിന്ന് വിരട്ടി വിടുവാന്‍ ഒരുങ്ങിയിരിക്കുന്നു. നിന്നെ അവിടെ നിന്ന് പുറത്താക്കുകയത്രെ അവരുടെ ലക്ഷ്യം. എങ്കില്‍ നിന്‍റെ (പുറത്താക്കലിന്‌) ശേഷം കുറച്ച് കാലമല്ലാതെ അവര്‍ (അവിടെ) താമസിക്കുകയില്ല. وَإِن كَادُواْ لَيَسْتَفِزُّونَكَ مِنَ الأَرْضِ لِيُخْرِجوكَ مِنْهَا وَإِذًا لاَّ يَلْبَثُونَ خِلافَكَ إِلاَّ قَلِيلاً
77 നിനക്ക് മുമ്പ് നാം അയച്ച നമ്മുടെ ദൂതന്‍മാരുടെ കാര്യത്തിലുണ്ടായ നടപടിക്രമം തന്നെ. നമ്മുടെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല. سُنَّةَ مَن قَدْ أَرْسَلْنَا قَبْلَكَ مِن رُّسُلِنَا وَلاَ تَجِدُ لِسُنَّتِنَا تَحْوِيلاً
78 സൂര്യന്‍ (ആകാശമദ്ധ്യത്തില്‍ നിന്ന്‌) തെറ്റിയത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെ (നിശ്ചിത സമയങ്ങളില്‍) നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും (നിലനിര്‍ത്തുക) തീര്‍ച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു. أَقِمِ الصَّلاَةَ لِدُلُوكِ الشَّمْسِ إِلَى غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا
79 രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഉറക്കമുണര്‍ന്ന് അതോടെ (ഖുര്‍ആന്‍ പാരായണത്തോടെ) നമസ്കരിക്കുകയും ചെയ്യുക. അത് നിനക്ക് കൂടുതലായുള്ള ഒരു പുണ്യകര്‍മ്മമാകുന്നു. നിന്‍റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം. وَمِنَ اللَّيْلِ فَتَهَجَّدْ بِهِ نَافِلَةً لَّكَ عَسَى أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا
80 എന്‍റെ രക്ഷിതാവേ, സത്യത്തിന്‍റെ പ്രവേശനമാര്‍ഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും, സത്യത്തിന്‍റെ ബഹിര്‍ഗ്ഗമനമാര്‍ഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്‍റെ പക്കല്‍ നിന്ന് എനിക്ക് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏര്‍പെടുത്തിത്തരികയും ചെയ്യേണമേ എന്ന് നീ പറയുകയും ചെയ്യുക. وَقُل رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَل لِّي مِن لَّدُنكَ سُلْطَانًا نَّصِيرًا
81 സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. എന്നും നീ പറയുക. وَقُلْ جَاء الْحَقُّ وَزَهَقَ الْبَاطِلُ إِنَّ الْبَاطِلَ كَانَ زَهُوقًا
82 സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ (മറ്റൊന്നും) വര്‍ദ്ധിപ്പിക്കുന്നില്ല. وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاء وَرَحْمَةٌ لِّلْمُؤْمِنِينَ وَلاَ يَزِيدُ الظَّالِمِينَ إَلاَّ خَسَارًا
83 നാം മനുഷ്യന്ന് അനുഗ്രഹം ചെയ്ത് കൊടുത്താല്‍ അവന്‍ തിരിഞ്ഞുകളയുകയും, അവന്‍റെ പാട്ടിന് മാറിപ്പോകുകയും ചെയ്യുന്നു. അവന്ന് ദോഷം ബാധിച്ചാലാകട്ടെ അവന്‍ വളരെ നിരാശനായിരിക്കുകയും ചെയ്യും. وَإِذَا أَنْعَمْنَا عَلَى الإِنسَانِ أَعْرَضَ وَنَأَى بِجَانِبِهِ وَإِذَا مَسَّهُ الشَّرُّ كَانَ يَؤُوسًا
84 പറയുക: എല്ലാവരും അവരവരുടെ സമ്പ്രദായമനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ കൂടുതല്‍ ശരിയായ മാര്‍ഗം സ്വീകരിച്ചവന്‍ ആരാണെന്നതിനെപ്പറ്റി നിങ്ങളുടെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാകുന്നു. قُلْ كُلٌّ يَعْمَلُ عَلَى شَاكِلَتِهِ فَرَبُّكُمْ أَعْلَمُ بِمَنْ هُوَ أَهْدَى سَبِيلاً
85 നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല. وَيَسْأَلُونَكَ عَنِ الرُّوحِ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُم مِّن الْعِلْمِ إِلاَّ قَلِيلاً
86 തീര്‍ച്ചയായും നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിനക്ക് നാം നല്‍കിയ സന്ദേശം നാം പിന്‍വലിക്കുമായിരുന്നു. പിന്നീട് അതിന്‍റെ കാര്യത്തില്‍ നമുക്കെതിരായി നിനക്ക് ഭരമേല്‍പിക്കാവുന്ന യാതൊരാളെയും നീ കണ്ടെത്തുകയുമില്ല. وَلَئِن شِئْنَا لَنَذْهَبَنَّ بِالَّذِي أَوْحَيْنَا إِلَيْكَ ثُمَّ لاَ تَجِدُ لَكَ بِهِ عَلَيْنَا وَكِيلاً
87 നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യം മാത്രമാകുന്നു അത്‌. നിന്‍റെ മേല്‍ അവന്‍റെ അനുഗ്രഹം തീര്‍ച്ചയായും മഹത്തരമായിരിക്കുന്നു. إِلاَّ رَحْمَةً مِّن رَّبِّكَ إِنَّ فَضْلَهُ كَانَ عَلَيْكَ كَبِيرًا
88 (നബിയേ,) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും. قُل لَّئِنِ اجْتَمَعَتِ الإِنسُ وَالْجِنُّ عَلَى أَن يَأْتُواْ بِمِثْلِ هَـذَا الْقُرْآنِ لاَ يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا
89 തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമകളും ജനങ്ങള്‍ക്ക് വേണ്ടി വിവിധ രൂപത്തില്‍ നാം വിവരിച്ചിട്ടുണ്ട്‌. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നിഷേധിക്കാനല്ലാതെ മനസ്സുവന്നില്ല. وَلَقَدْ صَرَّفْنَا لِلنَّاسِ فِي هَـذَا الْقُرْآنِ مِن كُلِّ مَثَلٍ فَأَبَى أَكْثَرُ النَّاسِ إِلاَّ كُفُورًا
90 അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത് വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. وَقَالُواْ لَن نُّؤْمِنَ لَكَ حَتَّى تَفْجُرَ لَنَا مِنَ الأَرْضِ يَنبُوعًا
91 അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത് വരെ. أَوْ تَكُونَ لَكَ جَنَّةٌ مِّن نَّخِيلٍ وَعِنَبٍ فَتُفَجِّرَ الأَنْهَارَ خِلالَهَا تَفْجِيرًا
92 അല്ലെങ്കില്‍ നീ ജല്‍പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട് വരുന്നത് വരെ. أَوْ تُسْقِطَ السَّمَاء كَمَا زَعَمْتَ عَلَيْنَا كِسَفًا أَوْ تَأْتِيَ بِاللّهِ وَالْمَلآئِكَةِ قَبِيلاً
93 അല്ലെങ്കില്‍ നിനക്ക് സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത് വരെ, അല്ലെങ്കില്‍ ആകാശത്ത് കൂടി നീ കയറിപ്പോകുന്നത് വരെ. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കികൊണ്ട് വരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ ? أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُفٍ أَوْ تَرْقَى فِي السَّمَاء وَلَن نُّؤْمِنَ لِرُقِيِّكَ حَتَّى تُنَزِّلَ عَلَيْنَا كِتَابًا نَّقْرَؤُهُ قُلْ سُبْحَانَ رَبِّي هَلْ كُنتُ إَلاَّ بَشَرًا رَّسُولاً
94 ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്‌, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു. وَمَا مَنَعَ النَّاسَ أَن يُؤْمِنُواْ إِذْ جَاءهُمُ الْهُدَى إِلاَّ أَن قَالُواْ أَبَعَثَ اللّهُ بَشَرًا رَّسُولاً
95 (നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്ന് പോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്ത് നിന്ന് ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു. قُل لَّوْ كَانَ فِي الأَرْضِ مَلآئِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ السَّمَاء مَلَكًا رَّسُولاً
96 നീ പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. തീര്‍ച്ചയായും അല്ലാഹു തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു. قُلْ كَفَى بِاللّهِ شَهِيدًا بَيْنِي وَبَيْنَكُمْ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا
97 അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് നേര്‍മാര്‍ഗം പ്രാപിച്ചവന്‍.അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ, അവര്‍ക്ക് അവന്നു പുറമെ രക്ഷാധികാരികളെയൊന്നും നീ കണ്ടെത്തുന്നതേയല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മുഖം നിലത്ത് കുത്തിയവരായിക്കൊണ്ടും അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടും നാം അവരെ ഒരുമിച്ചുകൂട്ടുന്നതാണ്‌. അവരുടെ സങ്കേതം നരകമത്രെ. അത് അണഞ്ഞ് പോകുമ്പോഴെല്ലാം നാം അവര്‍ക്ക് ജ്വാല കൂട്ടികൊടുക്കുന്നതാണ്‌. وَمَن يَهْدِ اللّهُ فَهُوَ الْمُهْتَدِ وَمَن يُضْلِلْ فَلَن تَجِدَ لَهُمْ أَوْلِيَاء مِن دُونِهِ وَنَحْشُرُهُمْ يَوْمَ الْقِيَامَةِ عَلَى وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّا مَّأْوَاهُمْ جَهَنَّمُ كُلَّمَا خَبَتْ زِدْنَاهُمْ سَعِيرًا
98 അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചതിനും, ഞങ്ങള്‍ എല്ലുകളും ജീര്‍ണാവശിഷ്ടങ്ങളും ആയിക്കഴിഞ്ഞിട്ടാണോ പുതിയൊരു സൃഷ്ടിയായി ഞങ്ങള്‍ ഉയിര്‍ത്തെഴുന്നല്‍പിക്കപ്പെടുന്നത് എന്ന് അവര്‍ പറഞ്ഞതിനും അവര്‍ക്കുള്ള പ്രതിഫലമത്രെ അത്‌. ذَلِكَ جَزَآؤُهُم بِأَنَّهُمْ كَفَرُواْ بِآيَاتِنَا وَقَالُواْ أَئِذَا كُنَّا عِظَامًا وَرُفَاتًا أَإِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا
99 ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച അല്ലാഹു ഇവരെപ്പോലെയുള്ളവരെയും സൃഷ്ടിക്കാന്‍ ശക്തനാണ് എന്ന് ഇവര്‍ മനസ്സിലാക്കിയിട്ടില്ലേ? ഇവര്‍ക്ക് അവന്‍ ഒരു അവധി നിശ്ചയിച്ചിട്ടുണ്ട്‌. അതില്‍ സംശയമേ ഇല്ല. എന്നാല്‍ നന്ദികേട് കാണിക്കാനല്ലാതെ ഈ അക്രമികള്‍ക്ക് മനസ്സ് വന്നില്ല. أَوَلَمْ يَرَوْاْ أَنَّ اللّهَ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ قَادِرٌ عَلَى أَن يَخْلُقَ مِثْلَهُمْ وَجَعَلَ لَهُمْ أَجَلاً لاَّ رَيْبَ فِيهِ فَأَبَى الظَّالِمُونَ إَلاَّ كُفُورًا
100 (നബിയേ,) പറയുക: എന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തിന്‍റെ ഖജനാവുകള്‍ നിങ്ങളുടെ ഉടമസ്ഥതയിലായിരുന്നെങ്കില്‍ ചെലവഴിച്ച് തീര്‍ന്ന് പോകുമെന്ന് ഭയന്ന് നിങ്ങള്‍ പിശുക്കിപ്പിടിക്കുക തന്നെ ചെയ്യുമായിരുന്നു. മനുഷ്യന്‍ കടുത്ത ലുബ്ധനാകുന്നു. قُل لَّوْ أَنتُمْ تَمْلِكُونَ خَزَآئِنَ رَحْمَةِ رَبِّي إِذًا لَّأَمْسَكْتُمْ خَشْيَةَ الإِنفَاقِ وَكَانَ الإنسَانُ قَتُورًا
101 തീര്‍ച്ചയായും മൂസായ്ക്ക് നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ നല്‍കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത് ചെല്ലുകയും, മൂസാ! തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ് കരുതുന്നത് എന്ന് ഫിര്‍ഔന്‍ അദ്ദേഹത്തോട് പറയുകയും ചെയ്ത സന്ദര്‍ഭത്തെപ്പറ്റി ഇസ്രായീല്‍ സന്തതികളോട് നീ ചോദിച്ച് നോക്കുക. وَلَقَدْ آتَيْنَا مُوسَى تِسْعَ آيَاتٍ بَيِّنَاتٍ فَاسْأَلْ بَنِي إِسْرَائِيلَ إِذْ جَاءهُمْ فَقَالَ لَهُ فِرْعَونُ إِنِّي لَأَظُنُّكَ يَا مُوسَى مَسْحُورًا
102 അദ്ദേഹം (ഫിര്‍ഔനോട്‌) പറഞ്ഞു: കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട് ഇവ ഇറക്കിയത് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ് തന്നെയാണ് എന്ന് തീര്‍ച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്‌. ഫിര്‍ഔനേ, തീര്‍ച്ചയായും നീ നാശമടഞ്ഞവന്‍ തന്നെ എന്നാണ് ഞാന്‍ കരുതുന്നത്‌. قَالَ لَقَدْ عَلِمْتَ مَا أَنزَلَ هَـؤُلاء إِلاَّ رَبُّ السَّمَاوَاتِ وَالأَرْضِ بَصَآئِرَ وَإِنِّي لَأَظُنُّكَ يَا فِرْعَونُ مَثْبُورًا
103 അപ്പോള്‍ അവരെ (ഇസ്രായീല്യരെ) നാട്ടില്‍ നിന്ന് വിരട്ടിയോടിക്കുവാനാണ് അവന്‍ ഉദ്ദേശിച്ചത്‌. അതിനാല്‍ അവനെയും അവന്‍റെ കൂടെയുള്ളവരെയും മുഴുവന്‍ നാം മുക്കിനശിപ്പിച്ചു. فَأَرَادَ أَن يَسْتَفِزَّهُم مِّنَ الأَرْضِ فَأَغْرَقْنَاهُ وَمَن مَّعَهُ جَمِيعًا
104 അവന്‍റെ (നാശത്തിനു) ശേഷം നാം ഇസ്രായീല്‍ സന്തതികളോട് ഇപ്രകാരം പറയുകയും ചെയ്തു: നിങ്ങള്‍ ഈ നാട്ടില്‍ താമസിച്ച് കൊള്ളുക. അനന്തരം പരലോകത്തിന്‍റെ വാഗ്ദാനം വന്നെത്തിയാല്‍ നിങ്ങളെയെല്ലാം കൂട്ടത്തോടെ നാം കൊണ്ടു വരുന്നതാണ്‌. وَقُلْنَا مِن بَعْدِهِ لِبَنِي إِسْرَائِيلَ اسْكُنُواْ الأَرْضَ فَإِذَا جَاء وَعْدُ الآخِرَةِ جِئْنَا بِكُمْ لَفِيفًا
105 സത്യത്തോടുകൂടിയാണ് നാം അത് (ഖുര്‍ആന്‍) അവതരിപ്പിച്ചത്‌. സത്യത്തോട് കൂടിത്തന്നെ അത് അവതരിക്കുകയും ചെയ്തിരിക്കുന്നു. സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. وَبِالْحَقِّ أَنزَلْنَاهُ وَبِالْحَقِّ نَزَلَ وَمَا أَرْسَلْنَاكَ إِلاَّ مُبَشِّرًا وَنَذِيرًا
106 നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതികൊടുക്കേണ്ടതിനായി ഖുര്‍ആനിനെ നാം (പല ഭാഗങ്ങളായി) വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു. وَقُرْآناً فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَى مُكْثٍ وَنَزَّلْنَاهُ تَنزِيلاً
107 (നബിയേ,) പറയുക: നിങ്ങള്‍ ഇതില്‍ (ഖുര്‍ആനില്‍) വിശ്വസിച്ച് കൊള്ളുക. അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക. തീര്‍ച്ചയായും ഇതിന് മുമ്പ് (ദിവ്യ) ജ്ഞാനം നല്‍കപ്പെട്ടവരാരോ അവര്‍ക്ക് ഇത് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവര്‍ പ്രണമിച്ച് കൊണ്ട് മുഖം കുത്തി വീഴുന്നതാണ്‌. قُلْ آمِنُواْ بِهِ أَوْ لاَ تُؤْمِنُواْ إِنَّ الَّذِينَ أُوتُواْ الْعِلْمَ مِن قَبْلِهِ إِذَا يُتْلَى عَلَيْهِمْ يَخِرُّونَ لِلأَذْقَانِ سُجَّدًا
108 അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിന്‍റെ വാഗ്ദാനം നടപ്പിലാക്കപ്പെടുന്നതു തന്നെയാകുന്നു. وَيَقُولُونَ سُبْحَانَ رَبِّنَا إِن كَانَ وَعْدُ رَبِّنَا لَمَفْعُولاً
109 അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തി വീഴുകയും അതവര്‍ക്ക് വിനയം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. وَيَخِرُّونَ لِلأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًا
110 (നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്‌. അത് പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക. قُلِ ادْعُواْ اللّهَ أَوِ ادْعُواْ الرَّحْمَـنَ أَيًّا مَّا تَدْعُواْ فَلَهُ الأَسْمَاء الْحُسْنَى وَلاَ تَجْهَرْ بِصَلاَتِكَ وَلاَ تُخَافِتْ بِهَا وَابْتَغِ بَيْنَ ذَلِكَ سَبِيلاً
111 സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി! എന്ന് നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക. وَقُلِ الْحَمْدُ لِلّهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَم يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلَّ وَكَبِّرْهُ تَكْبِيرًا
;